2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

തലയറഞ്ഞു എങ്ങനെയാണ് ചിരിക്കുക്ക ?!


തുരുതുരാ ചോദ്യങ്ങളോടെ ,
മുറികളോരോന്നും കേറിയിറങ്ങുന്നൂ
ഒരു ചിരിമണം..

"കാറ്റില്‍ നൃത്തം വയ്ക്കുന്ന
വിളക്കുചുണ്ടുകളെ കണ്ടിട്ടുണ്ടോ?
മഴയുടെ രുചിനുണഞ്ഞു
മറന്നു നിന്നിട്ടുണ്ടോ ?
പിണഞ്ഞുമ്മവച്ചുതേന്‍ പകുക്കുന്ന
പൂക്കളെ കണ്ടിടുണ്ടോ?
മഞ്ഞുരുക്കി സ്വര്‍ണമാക്കുന്ന
മാജിക്‌ അറിയാമോ ?!
വഴിതെറ്റിയൊഴുകുന്ന പുഴകള്‍ക്കുകീഴേ
പരിഭ്രമിച്ചുപുളയുന്ന മീന്‍ചിറകുകളെ തൊട്ടിട്ടുണ്ടോ?
മുറ്റത്തു ദോശ ചുടുന്ന ഉപ്പന്‍പക്ഷിയോട്
ഞാനും കൂടട്ടെയെന്നു ചോദിച്ചിട്ടുണ്ടോ?
കൂട്ടിമുട്ടുന്ന മേഘങ്ങളെക്കുറിച്ച്
കവിതയെഴുതിയിട്ടുണ്ടോ?!
പക്ഷികള്‍ക്കെന്താണ് വിക്കില്ലാത്തത്
എന്നാലോചിച്ചിട്ടുണ്ടോ?!
സംസാരിക്കുന്ന വഴികളെയും
പാട്ടുപാടുന്ന പുഴകളെയും
ചിരിക്കുന്ന മതിലുകളെയും
സ്വപ്നം കാണാറുണ്ടോ ?!
കണ്ണും ചുണ്ടും പരസ്പരം മാറിയുറപ്പിച്ച്ചിരുന്നെങ്കിലോ
എന്നാലോചിച്ചിട്ടുണ്ടോ ?!
പല്ലുകളെ നാണിപ്പിച്ചുകൊണ്ട്
പൊട്ടിച്ചിരിച്ചിട്ടുണ്ടോ?! "

അങ്ങനെ,
തുരുതുരാ ചോദ്യങ്ങളോടെ ,
മുറികളോരോന്നും കേറിയിറങ്ങുന്നൂ
ഒരു ചിരിമണം!

1 അഭിപ്രായം: