2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

മഴ, the lover



മഴ പെയ്യുമ്പോള്‍ എനിക്ക്

അസൂയച്ചിറകുകള്‍ മുളക്കും.


എത്രയോ പേര്‍ക്കവള്‍ ആദ്യകാമുകി..


ആയിരം വിരലുകളാലേകും പട്ടുനൂല്‍സ്പര്‍ശo.

കാറ്റിനോട് രമിക്കുമ്പോളുള്ള അവളുടെ പകര്‍ന്നാട്ടം..

മണ്ണിലേക്കിറങ്ങിയൊടുങ്ങുന്ന അവളുടെ ചുംബനങ്ങള്‍...


മിന്നലിന്‍റെ പള്ളിവാളേന്തി അവളൊരു ചുമന്ന കോമരമാകും.

മുടിയഴിച്ചിട്ടൊരു യുവതിയാം ഭ്രാന്തി*


ജാലകങ്ങള്‍ക്കപ്പുറത്ത്,

സംഗമിക്കാന്‍ രാത്രിയെത്തുമ്പോള്‍

നിലാവുവന്ന് ഇക്കിളിപ്പെടുത്തും!


എന്‍റെ ഉറക്കം വിടുന്നു...


എനിക്കാ നീള്‍മുടി പിന്നിയിടണo.

എന്‍റെ പൈദാഹങ്ങളിലേക്ക് അവളെ ഉണര്‍ത്തണo..

ആശയുടെ ഒരായിരം കടലാസുതോണികള്‍

ആ നിറമാറിലേക്ക്‌ ഇറക്കിവിടണo.




*Raathrimazha-Sugathakumari

2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ആശംസ



എന്‍റെ ലജ്ജയുടെ പൂര്‍ണകുംഭമേ,
നിനക്കെന്‍റെ പിറന്നാളാശംസകള്‍!

എന്നോര്‍മ്മകളില്‍ മഴയായ്,
കാലടികളില്‍ കാറ്റായ്,
വിയര്‍പ്പില്‍ സുഗന്ധമായ്‌,
ചിരികളില്‍ ഉറവയായ്,
നിന്‍ സ്നേഹത്തിന്‍ കുഞ്ഞുലാര്‍വകള്‍!

പ്രചണ്ഡമായ മദജലംപോല്‍
നീയെന്‍രാവുകളെ സ്നിഗ്ദ്ധമാക്കവേ,

വിശപ്പിന്‍റെ അഗ്നിജ്വാലയായ്
എന്നുള്ളിലുറഞ്ഞുനീ പെയ്യവേ,

നിന്നനന്തമാം അടിക്കാടുകളിലേക്ക്
ഉറവപൊട്ടുകയാണെന്‍ മാനസം !

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ശലഭം



ചെടികള്‍, ചില്ലകള്‍
തൊടികള്‍, വഴികള്‍
നിറങ്ങള്‍, ദളങ്ങള്‍.

പൂക്കളെ പുണര്‍ന്ന്,
തേന്‍തുള്ളിയില്‍ തുടിച്ച്,
ഇതളില്‍ വിരിഞ്ഞ്,
നിന്‍ പരാഗണങ്ങള്‍.

പൂമ്പൊടിപുരണ്ട നിന്‍ ആകാശവേഴ്ചകള്‍!

നീ,
പുഴുക്കളുടെ പുനര്‍ജ്ജന്മം..
പട്ടുച്ചിറകുകളുടെ ഉത്സവം...
സഹസ്രനേത്ര*ങ്ങളുടെ മായാജാലം.


 *.A butterfly has 2 eyes with 6000 eyelets or ommatidia in each eye. An ommatidia is like a eye within an eye. It actually divides the eyes in a shape of a disco ball & helps the butterfly to locate things easier. They work like the pixels of a camera.So therefore, a butterfly has 12,000 eyelets in 2 eyes.

2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

വീണ്ടും മഴ




മഴയുടെ ഒളിനോട്ടങ്ങള്‍, പകര്‍ന്നാട്ടങ്ങള്‍
നക്ഷത്രങ്ങളുടെ കണ്മൂടി മഴ ഭൂമിയെ ചുംബിക്കുന്നു
നിലാവുകുടിച്ച് ഉന്മത്തയായ ഭൂമി
രാത്രി(ധാത്രി)യുടെ ചുണ്ണാമ്പുപല്ലുകളിലേക്ക് മഴയുടെ രസം...

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വിഷകന്യക




കടവാതിലുകള്‍ കലമ്പുന്ന ദീര്‍ഖനിശ്വാസങ്ങള്‍..
കയ്പുകാറ്റുകളൂതുന്ന തികട്ടും ചിന്തകള്‍...
അന്ധനക്ഷത്രങ്ങള്‍പോല്‍ പായല്‍തിങ്ങും വാക്കുകള്‍.....

നീയാം വിഷകന്യകയേകും ദീര്‍ഖചുംബനങ്ങള്‍.


ദ്വെഷത്തിന്റെ ഒറ്റവൈക്കോല്‍വിപ്ലവങ്ങള്‍,വിരൂപാക്ഷരപ്രാസങ്ങള്‍!

അലംകാരങ്ങളായ് ,
 തിടമ്പുകള്‍, തിണര്‍പ്പുകള്‍..
 കമഴ്ത്തിവച്ച  ചിന്തകള്‍...
 ദുഷ്ടസ്വപ്‌നങ്ങള്‍തന്‍  മറുപിള്ളകള്‍.