2015, നവംബർ 21, ശനിയാഴ്‌ച

നിലച്ചുപോയ പുഴ

നീയുപേക്ഷിച്ച വസ്ത്രങ്ങള്‍
തേടിയവര്‍ വരും..
തീര്‍ച്ചയായുമവര്‍ വിലപേശും...

നീ പറയുക...
" ഒഴുക്കുനിലച്ചുപോയ ഒരു പുഴ മാത്രമാണുഞാന്‍..
കൈയിലൊന്നുമില്ലാത്തവള്‍"

എന്നിട്ടുമവര്‍ പോകുന്നില്ലെങ്കില്‍
രാത്രി വരാന്‍ പറയുക..
ചന്ദ്രന്‍ നിന്നിലേക്കിറ്റിച്ച നിലാവെ കൊടുത്തയക്കുക...

2015, നവംബർ 11, ബുധനാഴ്‌ച

ചുരമിറങ്ങുമ്പോള്‍

ചുരമിറങ്ങുമ്പോള്‍
നമ്മള്‍ നനുത്ത രണ്ടു മേഘങ്ങളായി മാറും


കിളികളെ ഉള്ളിലൊളിപ്പിച്ച്,
മഴവില്ലിനടിയിലൂടെ ഒഴുകിനടക്കും...


ഇടക്കുനമ്മള്‍
പരസ്പരം തൂവലുകള്‍ ചീകിയൊതുക്കും...


വഴിതെറ്റുമോ എന്നുനീ കണ്ണുരുട്ടുമ്പോഴേക്കും
പൂന്തോട്ടങ്ങളുപേക്ഷിച്ച കാറ്റുകള്‍ നമുക്കുമുമ്പിലുണ്ടാകും


സന്ധ്യ തെളിയുന്നേരം
നീ
നാണം കൊണ്ടുചുവക്കും
(നിന്റെ മുടിമുഴുവനുമപ്പോള്‍ പൂമ്പൊടിയില്‍ കുതിര്‍ന്നിട്ടുണ്ടാവും !)


ഞാനപ്പോള്‍
താഴെ നീലത്തടാകത്തിലേക്കുനോക്കി നിന്നെ നുകരും!

2015, നവംബർ 8, ഞായറാഴ്‌ച

നമ്മൾ ചുംബിക്കുമ്പോൾ മാത്രം!

നമ്മൾ ചുംബിക്കുമ്പോൾ മാത്രം.....

പിടി വിട്ടു പെയ്യുന്ന മഴ
(പ്രണയച്ചൂരു തണുപ്പിക്കാനുള്ള
" സൈക്ലോണി "ക്കൽ മൂവേ! )

ചുവന്നു പോകുന്ന ചെറിമരങ്ങൾ
(ഒളിഞ്ഞു നോക്കുന്നുണ്ടോ,
ഒക്ടേവിയ പാസ്?!)

മുറിയിലെ കാറ്റ് നിശബ്ദമാകും.
(നമുക്ക് പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാനായുള്ള ഉൾവലിയൽ..)

2015, നവംബർ 5, വ്യാഴാഴ്‌ച

നീ....

ചുണ്ടുകളാൽ
നീയെന്റെ മുറിവുകൾ
തുന്നിക്കെട്ടുന്നു.


മുറിഞ്ഞുപോയ വാക്കുകളിൽ നിന്ന്
മറവിയെ ആട്ടിപ്പായിക്കുന്നു...


കണ്ണുകളെ എൻനേർക്ക്
അമ്പെയ്യാൻ വിട്ടുനീ ചിരിക്കുന്നു...!


തനിക്കിതിതുവരെ പറ്റിയില്ലല്ലോ എന്ന്
മഴ ജനൽപ്പാളി മേൽ മുഖമമര്‍ത്തുന്നതുവരെ..!