2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

വയലിന്‍ പൂക്കുന്ന മരം!




വയലിനുകള്‍ പൂക്കുന്ന
ഒരുമരമുണ്ടായിരുന്നു.

മുന്തിരിപ്പാടങ്ങള്‍ താണ്ടിവരുന്ന കാറ്റ്
എന്നുമതിനെ ഭോഗിക്കുമായിരുന്നു

ചുവടുകളിലൂടെയൊഴുകുന്ന പുഴയില്‍നിന്നും
മീനുകളപ്പോള്‍
“ബ്ലപ്”എന്നുപൊങ്ങിവന്ന്
ഇടംകണ്ണിട്ടുനോക്കും.

ചില്ലകളിലെ കുരുവികള്‍
“ഇക്കിളിയായെ” എന്നു ചിറകടിച്ച്പറക്കും.

ഇടക്ക്,
വയലിന്‍റെ ഞാണുകള്‍ പൊട്ടുമ്പോള്‍
പൂക്കള്‍ ലജ്ജയോടെ പൊഴിയും!

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

രണ്ടു കണ്ണുകള്‍

നൂല്‍പ്പുഴപോലത്തെ മുടിയുള്ളവള്‍...

നോക്കിനില്‍ക്കെ,
മഴ പിണങ്ങിപ്പോയി,
കാറ്റ് മുഖംവീര്‍പ്പിച്ചു മരച്ചോട്ടില്‍ കുന്തിച്ചിരുന്നു...

മരം
തന്റെ
ഒറ്റക്കൊമ്പ്
ആകാശത്തില്‍ കുത്തിയിറക്കി..
കുരുവി
മറന്നുപോയ പാട്ട് ആലോചിച്ചുകൊണ്ടിരുന്നു..

പതിയെ,
ചന്ദ്രന്‍ കുളിച്ചുകയറി...

മറുപടികാത്ത്
അപ്പോഴും
പിടക്കുന്നുണ്ടായിരുന്നു
മഷിയുണങ്ങിപ്പോയ രണ്ടു കണ്ണുകള്‍....