2015, ജനുവരി 28, ബുധനാഴ്‌ച

ഇങ്ങനെയൊന്നുമല്ല

"ഇങ്ങനെയൊന്നുമല്ല"
പറഞ്ഞുകൊണ്ടേയിരുന്നു,
പ്രണയിച്ചപ്പോഴും, പിന്നെ പൂത്തപ്പോഴും...

ചുംബിച്ചപ്പോഴും അങ്ങിനെതന്നെ:" ഇങ്ങനെയൊന്നുമല്ല"

പിന്നെ പെയ്തു,നിറഞ്ഞു, കരഞ്ഞു,...
അപ്പോഴും കേട്ടു, "ഇങ്ങനെയൊന്നുമല്ല"

ഒടുവില്‍ വിറങ്ങലിച്ച പാളങ്ങള്‍ക്ക്
എല്ലാം പകുത്തുനല്‍കി കാത്തുകിടക്കുമ്പോള്‍ ,
കാറ്റുവന്നു ചിരിച്ചുകൊണ്ട് വീണ്ടും:
"ഇങ്ങനെയൊന്നുമല്ല,വരൂ, എന്‍റെയൂഞ്ഞാലില്‍കയറൂ"

(മഞ്ഞ്)


മഞ്ഞുകാലത്തിന്റെ തുടക്കത്തിലാണ്‌
നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങിയത്.


ദിനംപ്രതി നിന്നില്‍നിന്നും
ഇലകള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു


ഒരുദിവസം നീ പറഞ്ഞു:
എന്‍റെ പ്രണയം പൂര്‍ണ്ണമായി,
ഞാനിതാ നഗ്നയായിത്തീര്‍ന്നിരിക്കുന്നു.


ഞാനപ്പോള്‍ മുകളിലേക്കുനോക്കി;
ആകാശം വെളുത്തപുതപ്പുമാറ്റി ചിരിക്കുന്നു...

2015, ജനുവരി 26, തിങ്കളാഴ്‌ച

മഴയൊന്നു ചൂടാന്‍

മഴയൊന്നു ചൂടാന്‍
മിഴിയൊന്നു വേണം.

മിഴിയൊന്നു കാണ്മാന്‍
വഴിയൊന്നു വേണം

വഴിയൊന്നു താണ്ടാന്‍
വിധിയൊന്നു വേണം

വിധിയെ നീന്താന്‍
തിരയായ്‌ വരേണം.

(അലകളായ് നുരയ്ക്കണം , ഞരമ്പുകളില്‍...)

നുരകളായ് ചാറി,
കണമായ് ഇറ്റി,
നിണമായ് വറ്റി,
ഭൂമിയോട് പറ്റി....

2015, ജനുവരി 18, ഞായറാഴ്‌ച

ക്രീഡ

എന്‍റെ ലജ്ജയുടെ ശിഖരങ്ങള്‍ നിനക്കായ് പൂക്കുമ്പോള്‍,
ക്രീഡാരംഭത്തിനായി നീ മേല്‍ച്ചുണ്ട് മെല്ലെയുയര്‍ത്തും..


(നിന്റേതുമാത്രമായ ആ അടയാളവാക്യം...)

ഞാനപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടക്കും
കാല്‍പ്പാദങ്ങള്‍ ചൂടുപിടിച്ചുതുടങ്ങും...
ചെവികളിലൂടെ കാറ്റ് നിര്‍ബാധം കുതിച്ചൊഴുകും...
എവിടെയോ അമ്പലമണികള്‍ മുഴങ്ങും....


മെരുക്കത്തിന്‍റെ മേളപ്പദങ്ങളായ് നമ്മള്‍മാറും..

നീയപ്പോള്‍ പറയും:
"നമ്മള്‍ വാരണാവതം പിന്നിട്ടിരിക്കുന്നു,
അടുത്തത് ദണ്ടകാരണ്യമാണ്" 


പിന്നെയെപ്പോഴോ,
പക്ഷികളുടെ ആരവങ്ങള്‍ നമുക്കിടയില്‍ ഒഴുകിയെത്തും.


അപ്പോള്‍ നീ മൊഴിയും"
" പ്രിയദേ,
നിന്‍റെയാമ്പല്‍പൂക്കളെ കൂമ്പിയടക്കൂ,
നാളേക്കു വീണ്ടും നിലാവുദിക്കുംവരെ..!

2015, ജനുവരി 16, വെള്ളിയാഴ്‌ച

പത്തു കവിതകള്‍


1. സൂര്യന്‍
ഭൂമിക്കെറിഞ്ഞുകൊടുത്ത
ഒരു "സ്മൈലി"യാണു
ചന്ദ്രന്‍ !


2.എന്‍റെ ദുഃഖങ്ങള്‍
എന്‍റെ സഹോദരന്മാര്‍ തന്നെയാണ്
അവര്‍ എന്നോടൊപ്പം
ഉറങ്ങിയെഴുന്നേല്‍ക്കുന്നു


3.നീലയുടുപ്പിട്ട സുന്ദരി...
ഭൂമിയോട്
ഒരു നക്ഷത്രം കണ്ണിറുക്കി ചോദിച്ചു,
“പോരുന്നോ, എന്നെ വലം വയ്ക്കാന്‍?!”


4.ഭ്രാന്തുവരിക
ഒരാനുകൂല്യം കൂടിയാണ്:
ഭയപ്പാടില്ലാതെ
ഒരുപാടുവിമര്‍ശിക്കാനുള്ള
ഒരമൂല്യ ടിക്കറ്റ്!


5.കിടപ്പറകളില്‍
രാത്രി ചോര്‍ന്നൊലിക്കുന്നു
അതില്‍, 

നിലാവു തളംകെട്ടിക്കിടക്കുന്നു

6.കണ്ണുകള്‍കൊണ്ട് ഉമ്മവയ്ക്കുന്നവളെ,
കാണാമറയത്തുനിന്നും ഇറങ്ങിവരൂ..
നിന്നെ നോക്കിയിരിക്കുമ്പോള്‍
എന്‍റെ മുറ്റത്തുമഴപെയ്യും,
പൂക്കളില്‍ കാറ്റുനിറയും,
പകലുകള്‍ ചുവന്നുതുടുക്കും,
രാത്രി, ഓരോ രോമങ്ങളായി
പതിയെപ്പതിയെ ഉണരും !


7.എനിക്ക് വിശുദ്ധനാകണം
ഉമ്മവയ്ക്കൂ എന്നെ !


8.എന്നെ തഴുകിയുണര്‍ത്തുവോനേ,
എന്നുടല്‍,
നിനക്കായ്‌ പുഷ്പിക്കുകയും
എന്നാത്മാവ്
നിനക്കായ് പുഞ്ചിരിക്കുകയും ചെയ്യുന്നു...


9.പഴങ്ങള്‍ തുളുമ്പി നില്ക്കു ന്ന ഒരു മരമാണു നീ
നിന്‍ ചില്ലകളിലോ,
അരയന്നങ്ങള്‍ നിറഞ്ഞിരിക്കുന്നു
അതിനാല്‍,
ദൂരെനിന്ന് നിന്നെ
വെള്ളപ്പൂക്കളെ പ്രസവിച്ച ഒരു മരമായി
കാഴ്ച്ചക്കാര്‍ തെറ്റിദ്ധരിക്കുന്നു
....വെളുത്ത മേഘങ്ങള്‍ നിന്നോടു കുശലം പറയും
...കറുത്തവ നിന്നെ കുളിപ്പിച്ചുകൊണ്ടേയിരിക്കും!


10. ആ കണ്‍കളിലാണ്
ഋതുഭേദങ്ങള്‍
ഏറ്റവും വ്യക്ത്തമായി
ഞാന്‍ കണ്ടിട്ടുള്ളത്

2015, ജനുവരി 13, ചൊവ്വാഴ്ച

താന്തം



ചഷകമാണ് നിന്‍റെ ചുണ്ടുകള്‍, ഒരിക്കലും വറ്റാതെ".
"ങും,പിന്നെ?"
"ചുണ്ടുകളില്‍ നിന്നു ചുഴിയിലേക്കുള്ള യാത്ര,
അതാണു നീ.."
"ചുഴിയോ, ശരി; എന്നാലതില്‍ മുങ്ങിക്കോളൂ,ആവോളം!"
"ഹാവൂ, സുരതത്തിന്‍റെ സരസ്സ്!" "സരസ്സും സരസ്വതിയുമൊന്നുമല്ല, വീണയാണു ഞാന്‍, 
മതിവരുവോളം വായിച്ചോളൂ എന്നെ!" "ശരി ശരി, ഇങ്ങോട്ട് മാറിനില്‍ക്ക്" "എന്താ"? "ഭയമാകുന്നൂ എനിക്ക്, നിലാവില്‍ നീയലിഞ്ഞുപോകുമോഎന്ന്".

2015, ജനുവരി 9, വെള്ളിയാഴ്‌ച

ആരാണ്നീ


കടല്‍ വിശ്രമിക്കുന്ന നിന്‍റെ കണ്ണുകള്‍
കാറ്റു കൂടുകെട്ടിയ മുടിയിതളുകള്‍
പോപ്പിപുഷ്പങ്ങള്‍നുണഞ്ഞ ചുണ്ടുകള്‍
വീഞ്ഞില്‍ മുക്കിയ ചുംബനങ്ങള്‍!
സൂര്യനെയൊളിപ്പിക്കും മാറിടങ്ങള്‍
ചന്ദനമരങ്ങള്‍ നിറഞ്ഞ നിന്നുടല്‍...സുഗന്ധക്കടല്‍ !
പുഴപോലെനിന്‍ ശയനം!
സംഗീതം പോലെ ശ്വസനം !!
നിലാവു പോലെ വദനം !!!


........................നീ വിടര്‍ന്ന ഒരു പൂന്തോട്ടം !
...ഞാനതിലെ എകനായൊരു ഭ്രുoഗവും !


 



2015, ജനുവരി 7, ബുധനാഴ്‌ച

വേണം !

ഒരു പനിയായ് മാറണമെനിക്ക്
ആകൈകളുടെ ഇളംചൂടേല്‍ക്കുകവാന്‍..

ഒരു പൂവായ് മാറണം
ആചുണ്ടുകളുടെ സ്പര്‍ശനത്തിന്..

ഒരു മഞ്ഞുതുള്ളിയായ് മാറണം
ആ മുടിക്കാട്ടില്‍ ഒളിച്ചിരിക്കുവാന്‍..

ഒരുരാഗമായ് മാറണം
ആ കര്‍ണ്ണ ങ്ങളില്‍ നിപതിക്കുവാന്‍...

പിന്നെയൊരു കുഞ്ഞായ്മാറി
ആ നറുംപാല്‍ നുകരണം, മത്തുപിടിച്ച് മയങ്ങണം!

എന്നിട്ടുറങ്ങണം,
ആ മടിത്തട്ടില്‍ വീണ്ടുമെഴുന്നേല്‍ക്കുവാന്‍ !!

2015, ജനുവരി 3, ശനിയാഴ്‌ച

ദ്വീപ്‌


പ്രണയിക്കുന്നവര്‍ക്ക് മാത്രമുള്ള ഒരു ദ്വീപ്‌...

പ്രണയിനികള്‍ സ്വയമൊരു പിയാനോയായി മാറുമവിടെ


 ഒലീവുമരങ്ങള്‍ക്കടിയില്‍
നിലാവിന്‍റെ തുണ്ടുകള്‍ ഇഷ്ട്ടംപോലെ !


ചുംബിക്കുമ്പോള്‍ അരയന്നങ്ങള്‍
നമുക്കുമേലെ മറ്റൊരാകാശം തീര്‍ക്കും !


നീലത്തിരമാലകള്‍ നമ്മുടെ കാലുകള്‍ നുണഞ്ഞ് ഇക്കിളിയാക്കിക്കൊണ്ടേയിരിക്കും !

കമേലിയപ്പൂക്കളുടെ സുഗന്ധമേറ്റ് മത്തുപിടിച്ചകാറ്റ്
നമ്മുടെ കക്ഷത്തിനടിയിലൂടെ ചൂളംവിളിച്ച്കടന്നുപോകും..


ഒട്ടിച്ചേരുമ്പോള്
കണങ്കാലുകള്‍ മണലില്‍ പുതയും, ഭൂമിയെഅറിയും..


പകല്‍, നീ പിയാനോ വായിച്ചുകൊണ്ടിരിക്കുമ്പോള്‍
ഞാന്‍ പൂക്കളില്‍നിന്നു തേന്‍ ശേഖരിക്കും.


രാവില്‍,
കടലില്‍ നിലാവുപൊഴിയുമ്പോള്‍
നമ്മള്‍ കണ്ണുകളടച്ചു പ്രാര്‍ഥിക്കും..
നമുക്കു ചിറകുകള്‍ മുളക്കുംവരെ !


ഒടുവില്‍,
ദൈവം നമ്മെ രണ്ടുവലിയ കണ്ണുകളാക്കി മാറ്റും..

എപ്പോഴും
തമ്മില്‍ തമ്മില്‍ കടാക്ഷിച്ചു കൊണ്ടേയിരിക്കുന്ന കണ്ണുകള്‍!!