2015, ഫെബ്രുവരി 14, ശനിയാഴ്‌ച

"മ്മ!"

നമ്മള്‍ പ്രണയിക്കുമ്പോള്‍,

മരങ്ങള്‍ പുഷ്പിച്ചുകൊണ്ടേയിരിക്കും
പക്ഷികള്‍ നിര്‍ത്താതെ പാടുകയായിരിക്കും
കാറ്റ് ചെവികളെ ഇക്കിളിയാക്കും
പുഴകള്‍ നമ്മുടെ പാദങ്ങളെ തഴുകും
പൂമ്പാറ്റകള്‍ നമുക്കിടയിലേക്ക്‌ പറന്നുവരും


അന്നു സൂര്യന്‍ നിന്‍റെ കണ്ണിലാണ് അസ്തമിക്കുക...

നമ്മള്‍ വീണ്ടും പ്രണയിച്ചു കൊണ്ടേയിരിക്കും...

നക്ഷത്രങ്ങളും, മിന്നമിനുങ്ങുകളും
മല്സരിച്ച് നമ്മുടെ മടിയിലേക്കുപൊഴിഞ്ഞുവീഴും


നിലാവുനിനക്കപ്പോള്‍
നാണത്തിന്റെ തട്ടമിട്ടുതരും!


നിന്‍റെ ചെവിയില്‍ ഞാനോതും,
"സ്നേഹത്തിന്‍റെ പ്രസവമാണ് പ്രണയം " !


നേരം പുലരുമ്പോള്‍,
പറഞ്ഞാലനുസരിക്കാത്ത ചുണ്ടുകളെ അവിടെത്തന്നെയിട്ടിട്ടു
നമ്മള്‍ മടങ്ങും !


അപ്പോഴേക്കും നമ്മളില്‍ നിന്ന്
"ന"യും "ള്‍" ഉം ലോപിച്ചു പോയി 'മ്മ മാത്രമായിട്ടുണ്ടാവും !


4 അഭിപ്രായങ്ങൾ: