2015, ഡിസംബർ 20, ഞായറാഴ്‌ച

പാളങ്ങൾ

പാളങ്ങൾ
----------------
പാളങ്ങൾ....
അവളെ സ്വീകരിക്കാനായ്
നഗ്നരായ് നീണ്ടു നിവർന്നങ്ങനെ കിടന്നു.
വെള്ളി നിറത്തിൽ
വശ്യമായ് ചിരിച്ചും കൊണ്ട്...

ഇതും ഒരു സഹശയനമാണല്ലോ
എന്നാലോചിക്കെ അവൾക്ക് ചിരി വന്നു.

ചൂട്
തന്റെ പിൻകഴുത്തിലേക്കു പകർന്ന നിമിഷം
അവൾ കണ്ണുകളടച്ചു.

പതിയേ,
ദൂരെ നിന്നുള്ള ഇരമ്പലിനൊപ്പം
പാളമൊരു പൊക്കിൾക്കൊടിയായി
മാറുന്നുവെന്നവൾ ഇക്കിളിപ്പെട്ടു.

അതിനറ്റത്ത്
അമ്മയൊളിച്ചിരിക്കുന്നുണ്ടാവണം.

ഒരൊളിച്ചുകളിയുടെ ഓർമ്മകളിലേക്കു
കണ്ണുകളിറുക്കിയടച്ച് അവളെണ്ണിത്തുടങ്ങി.

ഒന്ന്..
രണ്ട്...
മൂന്ന്....


2015, ഡിസംബർ 17, വ്യാഴാഴ്‌ച

ന്യൂട്ടൺ പറഞ്ഞത്

ന്യൂട്ടൺ പറഞ്ഞത്
----------------------------
ചുറ്റിലുമുളള
ചുവന്ന കണ്ണുകളിൽ നിന്ന്
ഞങ്ങളെയെപ്പോഴും
ഒളിപ്പിച്ചു നിർത്തുമായിരുന്നു
ഒരു മേഘം
.......
നമുക്കായ് മാത്രം
രണ്ടാം ചലന നിയമത്തിലൂടെ
സഞ്ചരിച്ചയതിനെ നീ
'ന്യൂട്ടൺ' എന്നു പേർ ചൊല്ലി വിളിച്ചു.

നിന്റെ നിശ്വാസങ്ങളുടെ ചൂടേറ്റ്
ഒരു ദിനം ന്യൂട്ടൺ ഉണർന്നു പറഞ്ഞു:

"നിങ്ങൾ മുറിവും ചോരയും പോലെ
പ്രണയിക്കുകയും
കാറ്റും മഴയും പോലെ
രമിക്കുകയും
കടലും തീരവും പോലെ
പറ്റിച്ചേരുകയും ചെയ്യും.
നിങ്ങളുടെ സീൽക്കാരങ്ങൾക്ക്
ഇടിമിന്നലുകൾ തുണയായിരിക്കും "