2015, ജനുവരി 3, ശനിയാഴ്‌ച

ദ്വീപ്‌


പ്രണയിക്കുന്നവര്‍ക്ക് മാത്രമുള്ള ഒരു ദ്വീപ്‌...

പ്രണയിനികള്‍ സ്വയമൊരു പിയാനോയായി മാറുമവിടെ


 ഒലീവുമരങ്ങള്‍ക്കടിയില്‍
നിലാവിന്‍റെ തുണ്ടുകള്‍ ഇഷ്ട്ടംപോലെ !


ചുംബിക്കുമ്പോള്‍ അരയന്നങ്ങള്‍
നമുക്കുമേലെ മറ്റൊരാകാശം തീര്‍ക്കും !


നീലത്തിരമാലകള്‍ നമ്മുടെ കാലുകള്‍ നുണഞ്ഞ് ഇക്കിളിയാക്കിക്കൊണ്ടേയിരിക്കും !

കമേലിയപ്പൂക്കളുടെ സുഗന്ധമേറ്റ് മത്തുപിടിച്ചകാറ്റ്
നമ്മുടെ കക്ഷത്തിനടിയിലൂടെ ചൂളംവിളിച്ച്കടന്നുപോകും..


ഒട്ടിച്ചേരുമ്പോള്
കണങ്കാലുകള്‍ മണലില്‍ പുതയും, ഭൂമിയെഅറിയും..


പകല്‍, നീ പിയാനോ വായിച്ചുകൊണ്ടിരിക്കുമ്പോള്‍
ഞാന്‍ പൂക്കളില്‍നിന്നു തേന്‍ ശേഖരിക്കും.


രാവില്‍,
കടലില്‍ നിലാവുപൊഴിയുമ്പോള്‍
നമ്മള്‍ കണ്ണുകളടച്ചു പ്രാര്‍ഥിക്കും..
നമുക്കു ചിറകുകള്‍ മുളക്കുംവരെ !


ഒടുവില്‍,
ദൈവം നമ്മെ രണ്ടുവലിയ കണ്ണുകളാക്കി മാറ്റും..

എപ്പോഴും
തമ്മില്‍ തമ്മില്‍ കടാക്ഷിച്ചു കൊണ്ടേയിരിക്കുന്ന കണ്ണുകള്‍!!

2 അഭിപ്രായങ്ങൾ:

  1. തമ്മില്‍ തമ്മില്‍ കടാക്ഷിക്കുന്ന കണ്ണുകള്‍ക്ക് എന്തായിരിക്കും കാണാനുണ്ടാവുക!!

    മറുപടിഇല്ലാതാക്കൂ
  2. അവര്‍ കടാക്ഷിച്ചുകൊണ്ടേയിരിക്കട്ടെ !

    മറുപടിഇല്ലാതാക്കൂ